ദുബൈയിലെ സന്ദർശകരുടെ ഇഷ്ടവിനോദകേന്ദ്രമായ ഗ്ലോബൽ വില്ലേജിലേക്ക് റാസൽഖൈമയിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചു. ആഴ്ചയിൽ 3 ദിവസം ആണ് സർവീസ് ഉണ്ടാവുക. റാസൽഖൈമയിൽ നിന്ന് വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ വൈകിട്ട് 3നും 5നും സർവീസുകൾ ഉള്ളത്. ദുബായിൽനിന്ന് മടക്കയാത്ര രാത്രി 10നും 12നും ആണ്. 30 ദിർഹം ആണ് ടിക്കറ്റ് നിരക്ക്
വാഹന സൗകര്യം ഇല്ലാത്തവർക്ക് ഏറെ ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) സഹകരണത്തോടെയാണ് പുതിയ സർവീസ്. യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് സർവീസ് ആരംഭിച്ചതെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. വാഹന സൗകര്യം ഇല്ലാത്തവർ നേരത്തെ റാസൽഖൈമയിൽനിന്ന് ദുബായിലേക്കു ബസിലെത്തി വീണ്ടും മറ്റൊരു ബസിൽ ഗ്ലോബൽ വില്ലേജിലേക്കു പോവുകയാണ് ചെയ്തിരുന്നത്. പുതിയ ബസ് സർവീസ് വന്നതോടെ റാസ് അൽ ഖൈമയിൽ നിന്ന് കൂടുതൽ ആളുകൾക്ക് ആഗോളഗ്രാമത്തിലേക്ക് നേരിട്ട് എത്താൻ സാധിക്കും.