മഹാരാഷ്ട്രയിൽ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു.34 പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാസിക് – ഷിർദ്ദി ഹൈവേയിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. ഷിര്‍ദി സായിബാബ ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 10 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. മരണമടഞ്ഞവരിൽ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
താനയിലെ ആംബർനാഥിൽ നിന്ന് ഷിർദ്ദിയിലേക്ക് 45 യാത്രക്കാരുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പതാരെ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ പിന്നാലെ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ 5 ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു.