ബിജെപിക്ക് വേണ്ടി തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ഇടനിലക്കാരായി എന്ന വിവാദമായ തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണവുമായി സഹകരിക്കാൻ തുഷാറിന് കോടതി നിർദ്ദേശം നൽകി. കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. നേരത്തെ ആരോഗ്യ കാരണങ്ങളാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് തുഷാർ തെലങ്കാന പൊലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ തുഷാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ ജഗ്ഗു സ്വാമിയുടെ മൂന്ന് സഹപ്രവർത്തകർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച പരിഗണിക്കും. കേസിൽ തെലങ്കാന പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദീകരണം കോടതി തേടി.