ഡൽഹിയില്‍ ഐബി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസുരക്ഷ വിലയിരുത്തിയത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം ആറ് മണിക്കൂറിന് ശേഷം വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്. സൈബര്‍ സെക്യൂരിറ്റി, തീവ്രവാദ പ്രവര്‍ത്തനം ചെറുക്കല്‍, രാജ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യവും അമിത് ഷാ വിലയിരുത്തി. എല്ലാ രീതിയിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി യോഗത്തിന് പിന്നാലെ പ്രതികരിച്ചു. തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെറുതും വലുതുമായ എല്ലാ തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കണമെന്നും അമിത് ഷാ ഐബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലഹരി മാഫിയയെ ഉന്മൂലനം ചെയ്യണമെന്നും അതിർത്തികളിലൂടെയുള്ള ലഹരി കടത്ത് തടയാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കാനും ആഭ്യന്തര മന്ത്രി നിർദ്ദേശം നല്കി. നക്സലിസത്തിന് സാമ്പത്തിക സഹായം എത്തിക്കുന്ന ശക്തികളെ കണ്ടെത്തണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.