തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്‍മയുടെ അമ്മാവൻ നിർമൽകുമാറുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിന്‍റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ചേർന്ന് വിഷം ചേർത്ത കഷായത്തിന്‍റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി. ഇതിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കുകയും ചെയ്തിരുന്നു.