തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തില്‍ പെൺകുട്ടി കുറ്റസമ്മതം നടത്തി.
കഷായത്തിൽ വിഷം കലർത്തിയെന്ന് പൊലീസിന് പെൺകുട്ടി മൊഴി നൽകി. കൊലപാതകം ആസൂത്രണം ചെയ്യാൻ ഗ്രീഷ്മ ഇന്റർനെറ്റില്‍ പരതിയെന്നും പൊലീസ് കണ്ടെത്തി. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോണ്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കുറ്റംസമ്മതിച്ച ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.