സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി നൽകിയത്. 2026 ജൂൺ 1 മുതൽ പുതിയ വില നിലവിൽ വരും. വർധിപ്പിക്കുന്ന തുകയിൽ ഭൂരിഭാഗവും (3.75 രൂപ വരെ) ക്ഷീരകർഷകർക്ക് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം
നേരത്തെ, പാൽവില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല.
നിലവിൽ 56 രൂപയുള്ള പാൽ വിലയാണ് പുതിയ വർദ്ധനവോടെ 60 രൂപയിലേക്ക് എത്തുന്നത്. കാലിത്തീറ്റയുടെ വിലക്കയറ്റം, തൊഴിലാളികളുടെ വേതനം എന്നിവ വർധിച്ചതിനെത്തുടർന്ന് കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഈ നടപടി.
