കോവിഡ് മരണനിരക്കുകളോ നിജസ്ഥിതിയോ പുറത്തുവിടുന്നില്ലെന്ന് ആരോപണം ശക്തമായിരിക്കെ മരണനിരക്ക് പുറത്തുവിട്ട് ചൈന. 2022 ഡിസംബർ എട്ടിനും ഈ വർഷം 12നും ഇടയിൽ ചൈനയിൽ 59,938 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ദേശീയ ആരോഗ്യ കമ്മീഷന് കീഴിലുള്ള ബ്യൂറ ഓഫ് മെഡിക്കൽ അഡ്മിനിസ്‌ട്രേഷൻ മേധാവി ജിയാവോ യാഹുയി ആണ് വാർത്താ സമ്മേളനത്തിൽ വിവരങ്ങൾ പുറത്തുവിട്ടത്. ഒരു മാസത്തിനിടെ ചൈനയിൽ 60,000 കോവിഡ് മരണങ്ങൾ സംഭവിച്ചതായാണ് അറിയിച്ചിരിക്കുന്നത്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിന് ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ റിപ്പോർട്ടാണിത്.
ലോകാരോഗ്യ സംഘടനാ മേധാവി ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൈനീസ് അധികൃതരുമായി സംസാരിച്ചു, രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഏജൻസി സ്വാഗതം ചെയ്തു. കൃത്യമായ രോഗ മരണ നിരക്കുകൾ പുറത്തുവിടാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസവും ചൈനയ്‌ക്കെതിരെ ലോകാരോഗ്യ സംഘനട രംഗത്തെത്തിയിരുന്നു. എന്നാൽ കണക്കുകൾ മറച്ചുവെച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ചൈനീസ് അധികൃതർ ചർച്ചകൾ നടത്തുകയുമാണെന്ന് ബീജിംഗ് എബസി വക്താവ് ലിയു പെങ്ക്യു പറഞ്ഞു. സ്ഥിതിഗതികൾ മോശമായി തുടരുന്നതിനാൽ കോവിഡിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു.