ദില്ലി : ഓഹരി വിപണിയിൽ ഉണ്ടാകുന്ന തകർച്ചയുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സുപ്രീംകോടതി സമിതിയെ നിയോഗിക്കും. ഓഹരിരംഗത്തെ തകർച്ച ആവർത്തിക്കാതിരിക്കാൻ എന്ത് പ്രതിരോധ മാർഗം സ്വീകരിക്കാം എന്നതായിരിക്കും പഠനലക്ഷ്യം. ഹിൻഡൻ ബർഗ് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തകർച്ച ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇത്തരം ഒരു തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് ഉത്തരവ് സുപ്രീം കോടതി ഇന്ന് ഇറക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഹർജികൾ പരിഗണിക്കും. അഭിഭാഷകരായ എം എൽ ശർമ, വിശാൽ തിഹാരി എന്നിവരാണ് നൽകിയത്. ഇക്കാര്യത്തിൽ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് സെബിയും കേന്ദ്രവും നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കാമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ കേന്ദ്രം കോടതിയെ അറിയിക്കും. ഓഹരി വിപണിയിൽ ഉണ്ടായ തകർച്ചയും ഇന്ത്യൻ നിക്ഷേപകർക്ക് ഉണ്ടായ നഷ്ടവും ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഉള്ള പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് ആവും സമിതി പഠിക്കുക.