തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണനടത്തിപ്പുമായി ബന്ധപ്പെട്ട ഭരണസമിതിക്കെതിരെ ഉയർന്നുവരുന്നത് ഗുരുതര ആരോപണങ്ങൾ. താഴികക്കുടം സ്ഥാപിക്കാൻ എന്ന പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തിട്ടും ഇതുവരെ താഴികക്കുടം സ്ഥാപിച്ചിട്ടില്ല. ക്ഷേത്രത്തിലെ ശ്രീകോവിലെ വെള്ളിത്തട്ടം, വെള്ളി രുദ്രാക്ഷമാല എന്നിവ കാണാതായിട്ടുണ്ട്. ഉപദേവത വിഗ്രഹ നിർമ്മാണത്തിനായി ലക്ഷങ്ങൾ പിരിച്ചത് തുടങ്ങിയവ ഗുരുതര ആരോപണങ്ങളിൽ ഉൾപ്പെടുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണകാര്യങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള പരാതികളിൽ ഹൈക്കോടതി ക്ഷേത്രഭരണ സമിതിയോട് വിശദീകരണം ചോദിച്ചിരുന്നു. ഫെബ്രുവരി പതിനാറാം തീയതിയാണ് ഇത് സംബന്ധിച്ച വിശദീകരണം ഹൈക്കോടതി ആരാഞ്ഞത്.
താഴികക്കുടങ്ങൾ ചെമ്പിൽ നിർമ്മിച്ച് സ്വർണ്ണം പൊതിയാനായി ഭക്തരുടെ കൈയിൽ നിന്ന് ഉൾപ്പെടെ ലക്ഷങ്ങൾ ഭരണസമിതി പിരിച്ചെടുത്തിരുന്നു. 2019ൽ ഇതിനായി കരാർ ഉണ്ടാക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഉപദേവതാ വിഗ്രഹത്തിന്റെ പുനർനിർമാണത്തിനായി ഭരണസമിതിയും മുൻ എക്സിക്യൂട്ടീവ് ഓഫീസറും ചേർന്ന് ഏകദേശം 12 ലക്ഷത്തോളം രൂപയാണ് പിരിച്ചത്. അതുപോലെ തന്നെ അതീവ സുരക്ഷയുള്ള ശ്രീകോവിലിലെ വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷമാലയും കാണാതായിരുന്നു. ഇതിൽ മാല പിന്നീട് കണ്ടെത്തുകയുണ്ടായി.