തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രധാനപ്രതി
പോലീസ് കസ്റ്റഡിയിൽ. കേസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രത്യേകഅന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ടൈറ്റാനിയം ജോലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 14 കേസുകളിലും പ്രതിയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ള ശ്യാംലാൽ. ജോലി കൊടുക്കാൻ എന്ന വ്യാജേന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചിരുന്നത് ഇയാൾ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തു വരികയാണ്.
ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവരങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. തട്ടിപ്പ് കേസിലെ പ്രധാന പ്രതി ദിവ്യ നായർ, മറ്റൊരു പ്രതി അഭിലാഷ് എന്നിവർ നേരത്തെ തന്നെ പിടിയിലായിരുന്നു. ഇതോടെ മറ്റു പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിൽ ആയിരിക്കുന്ന ശ്യാംലാനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ട് വരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ടൈറ്റാനിയം ജോലിതട്ടിപ്പ് കേസിൽ ഒൻപത് പേരടങ്ങിയ സംഘത്തിനാണ് അന്വേഷണ ചുമതല. എസിപി ജെ കെ ദിനിലാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. നേരത്തെ കേസിലെ അഞ്ചാം പ്രതിയായ ശശികുമാരൻ തമ്പിയെ സസ്പെൻഡ് ചെയ്തിരുന്നു. ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന് പേരിൽ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാർത്ഥിയുടെ പരാതിയിൽ വെഞ്ഞാറമൂട് പോലീസ് ആണ് കഴിഞ്ഞമാസം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാസം 75,000 രൂപ ശമ്പളത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്നാണ് കേസ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. 2018 മുതൽ തട്ടിപ്പ് നടന്നുവരുന്നുണ്ടെന്നും വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിന്റെ ഒഴിവുകൾ കാണിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുകയും വിവരങ്ങൾ ചോദിച്ചു വരുന്നവർക്ക് ഇൻബോക്സിൽ മറുപടി നൽകുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി എന്നും പോലീസ് പറഞ്ഞു