വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയെ നയിച്ച പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയാ മൊണാസ്ട്രിയില്‍ വച്ച് പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.34നായിരുന്നു വിയോഗം. വ്യാഴാഴ്ച രാവിലെ 9.30നായിരിക്കും സംസ്കാരം. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ചശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വത്തിക്കാനിലെ ആശ്രമത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ബുധനാഴ്ച ഫ്രാൻസിസ് മാർപാപ്പയാണ്, തന്റെ മുൻഗാമിയായ ബനഡിക്ട് 16-ാമന്റെ ആരോഗ്യനില ആശങ്കജനകമാണെന്ന് അറിയിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് അറിയിച്ചു.
1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്‌ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി.
കൗമാരത്തിൽത്തന്നെ ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ നിർബന്ധപൂർവം ചേർക്കപ്പെട്ട അദ്ദേഹം നാത്‌സി സൈന്യത്തിന്റെ കോൺസൻട്രേഷൻ ക്യാംപുകളിൽ ജൂതർ അനുഭവിച്ച പീഡനങ്ങൾക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്. പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ വ്യോമസേനയിൽ സഹായിയായി. അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവിൽ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്സിംഗർ സഹോദരനൊപ്പം സെമിനാരി ജീവിതം തുടങ്ങുന്നത്. ജോൺ പോൾ രണ്ടാമനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം ജോൺ പോൾ രണ്ടാമന്റെ നിര്യാണത്തെ തുടർന്ന് 2005 ഏപ്രിൽ 19ന് പേപ്പൽ കോൺക്ലേവിന്‍റെ രണ്ടാം ദിനം കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. ബനഡിക്ട് പതിനാറാമൻ എന്ന പേര് സ്വീകരിച്ചു.