ചൈന ഇന്ത്യയുടെ ഭൂമി കടന്നു കയറി പിടിച്ചെടുത്തെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ലഡാക്ക് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. ലഡാക്കില്‍ ചൈന ജനങ്ങളുടെ ഭൂമി തട്ടിയെടുത്തെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങൾ അതല്ല പറയുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.
”ഇവിടെ ചൈന ഭൂമി കൈക്കലാക്കി എന്നതാണ് ആശങ്ക… ചൈനീസ് സൈന്യം തങ്ങളുടെ മേച്ചില്‍ ഭൂമി പിടിച്ചെടുത്തുവെന്ന് ആളുകള്‍ പറഞ്ഞു, എന്നാല്‍ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷേ അത് ശരിയല്ല. നിങ്ങള്‍ക്ക് ഇവിടെ ആരോടെങ്കിലും ചോദിക്കാം’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കത്തിലാണ്. 2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന വലിയ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ചൈനയുടെ ഭാഗത്ത് നിന്ന് അതിർത്തിയിൽ ചില നീക്കങ്ങൾ ഉണ്ടായതാണ് രാഹുൽഗാന്ധിയുടെ പ്രതികരണത്തിന് കാരണമായത്. നിലവിൽ പാങ്കോങ്ങിലാണ് രാഹുൽ ഗാന്ധിയുള്ളത്. രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തിൽ പാങ്കോങ്ങിൽ രാഹുൽ പൂജ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
ലഡാക്കില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി പാങ്കോങ് തടാകത്തിലെത്തിയിരുന്നു. പിതാവും അന്തരിച്ച മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ ഇന്ന് തടാകത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ബൈക്കിലാണ് രാഹുല്‍ ലഡാക്കിലെത്തിയത്. ബൈക്ക് യാത്രയുടെ 10 ചിത്രങ്ങള്‍ അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍-കാര്‍ഗില്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് രാഹുലിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.