മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന ശക്തമായ സ്ഫോടനത്തിന് പതിനേഴു വർഷങ്ങൾക്ക് ശേഷം മുൻ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴ് പ്രതികളെയും കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കി. കേണൽ പുരോഹിത് ബോംബ് നിർമ്മിച്ചതിനും, മലേഗാവ് സ്ഫോടനത്തിൽ പ്രജ്ഞാ താക്കൂർ ബൈക്ക് ഉപയോഗിച്ചതിനും തെളിവില്ലെന്ന് കോടതി. വെറും സംശയം കൊണ്ട് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് പ്രത്യേക ജഡ്ജി എ കെ ലഹോട്ടി പറഞ്ഞു. പ്രതികൾക്കെതിരായ ആരോപണങ്ങൾ സംശയാതീതമായി സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം വാദിച്ചു.
“സമൂഹത്തിനെതിരായ ഗുരുതരമായ ഒരു സംഭവം നടന്നിട്ടുണ്ട്. എന്നാൽ ധാർമ്മികതയുടെ പേരിൽ മാത്രം കോടതിക്ക് ശിക്ഷ വിധിക്കാൻ കഴിയില്ല,” ജഡ്ജി പറഞ്ഞു.
2008 സെപ്റ്റംബർ 29 ന് മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഒരു പട്ടണമായ മാലേഗാവിൽ മോട്ടോർ സൈക്കിളിൽ (എൽഎംഎൽ ഫ്രീഡം ബൈക്ക്) ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുണ്യമാസമായ റംസാൻ മാസത്തിലാണ് സ്ഫോടനം നടന്നത്.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കേസ് ആദ്യം അന്വേഷിച്ചത്, 2011 ൽ എൻഐഎയ്ക്ക് കൈമാറി. അഭിനവ് ഭാരത് എന്ന സംഘടനയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് സ്ഫോടനമെന്ന് എടിഎസ് ആരോപിച്ചിരുന്നു. 2008 ൽ അറസ്റ്റിലായ പ്രജ്ഞാ സിങ് താക്കൂർ സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയാണെന്ന് എടിഎസ് അവകാശപ്പെട്ടിരുന്നു.
മിലിട്ടറി ഇന്റലിജൻസിൽ നിയമിതനായ അന്നത്തെ ആർമി ഓഫീസറായിരുന്ന ലെഫ്റ്റനന്റ് കേണൽ പുരോഹിത് സ്ഫോടകവസ്തുക്കൾ ക്രമീകരിക്കാൻ സഹായിച്ചുവെന്നും അഭിനവ് ഭാരതിന്റെ യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും അവകാശപ്പെട്ടു. പുരോഹിത് ആർഡിഎക്സ് കൊണ്ടുവന്ന് ബോംബ് കൂട്ടിച്ചേർത്തതിന് തെളിവില്ലെന്ന് വ്യാഴാഴ്ച കോടതി പറഞ്ഞു. വാഹനത്തിന്റെ ഉടമ പ്രജ്ഞാ സിങ് താക്കൂർ ആണെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും ജഡ്ജി ലഹോട്ടി പറഞ്ഞു.
അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. 2008 സെപ്തംബര്‍ 29 ന് നടന്ന സ്ഫോടന കേസിലാണ് വിധി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു മുസ്ലിം പള്ളിക്ക് അടുത്ത് മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തില്‍ ആറ്പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. 2018 ല്‍ വിചാരണ തുടങ്ങി. 323 സാക്ഷികളെയും എട്ട് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. ഇതില്‍ 40 സാക്ഷികൾ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകള്ളാണ് പരിശോധിച്ചത്.