ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍ അല്‍വാരസ് നേടിയ മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അര്‍ജന്റീന ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്. ” ഈ ലോകകപ്പിലെ എന്റെ ഓരോ നിമിഷവും വികാരഭരിതമാണ്. അടുത്ത ലോകകപ്പിന് ഒരുപാട് വർഷങ്ങളുണ്ട്. എനിക്ക് അതിൽ പങ്കെടുക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത്.’’ – മെസ്സി കൂട്ടിച്ചേർത്തു. ഇപ്പോൾ 35 വയസ്സുള്ള മെസ്സിയുടെ അവസാന ലോകകപ്പാകും ഖത്തറിലേതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
ഇന്നലത്തെ മത്സരത്തോടെ ലയണൽ മെസ്സി ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കി. ഇരട്ടഗോളുകളോടെ അൽവാരസും ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസ്സിയും മിന്നിത്തിളങ്ങിയ സെമിഫൈനലിൽ ക്രൊയേഷ്യയെ 3-0നു തോൽപിച്ചാണ് അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നത്. അഞ്ച് ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പം ഒന്നാമതെത്തുകയും ചെയ്തു മെസ്സി.
ക്രൊയേഷ്യയ്ക്കെതിരെ നേടിയത് ലോകകപ്പിൽ മെസ്സിയുടെ 11–ാം ഗോൾ ആണ്. 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണു മറികടന്നത്. അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ഇനി ലയണൽ മെസ്സിയാവും. ഒരു ലോകകപ്പിൽ 5 ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മുപ്പത്തിയഞ്ചുകാരൻ മെസ്സി. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരം എന്ന ജർമനിയുടെ മുൻ താരം ലോതർ മത്തേയൂസിന്റെ റെക്കോർഡിനൊപ്പം ലയണൽ മെസ്സിയും എത്തി. ഇരുവരും 25 ലോകകപ്പ് മത്സരങ്ങൾ വീതം കളിച്ചു. ∙ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നേടിയ താരം എന്ന ബ്രസീലിയൻ മുൻ താരം റൊണാൾഡോയുടെ റെക്കോർഡിനൊപ്പവും ലയണൽ മെസ്സി എത്തി. 13 മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ ഇരുവരും നേടിയിട്ടുണ്ട്. ഒരു കളിയിൽ തന്നെ ഗോളും അസിസ്റ്റും എന്ന കണക്കിൽ ലോകകപ്പിലെ 4 മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ലയണൽ മെസ്സി. 2006ൽ സെർബിയയ്ക്കെതിരെയും ഈ ലോകകപ്പിൽ മെക്സിക്കോ, നെതർലൻഡ്സ്, ക്രൊയേഷ്യ എന്നീ ടീമുകൾക്കെതിരെയും മെസ്സി ഗോളും അസിസ്റ്റും നേടി.