പാകിസ്ഥാനെ തോൽപ്പിച്ച് കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 24 വർഷം പൂർത്തിയാകുകയാണ്. കാർഗിൽ വിജയ് ദിവസത്തിൻ്റ ഭാഗമായി ധീര സൈനികരെ രാജ്യം സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സൈനികരുടെ ഓർമ്മ പുതുക്കാൻ ദേശീയ യുദ്ധ സ്മാരകത്തിലും കാർഗിൽ ദ്രാസിലെ യുദ്ധ സ്മാരകത്തിലും ചടങ്ങുകൾ നടന്നു.ചൊവ്വാഴ്ച ലഡാക്കിലെ ദ്രാസിൽ രണ്ട് ദിവസത്തെ അനുസ്മരണ പരിപാടികൾക്ക് തുടക്കമായി.
ദ്രാസിൽ നടക്കുന്ന പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. വേണ്ടി വന്നാൽ നിയന്ത്രണരേഖ മറിക്കടക്കുമെന്ന് പ്രതിരോധ മന്ത്രി പാകിസ്ഥാന് മുന്നിറിയിപ്പ് നല്‍കി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. കാർഗിൽ സൈനികരുടെ സ്മരണാർത്ഥം നിർമിച്ച ‘ഹട്ട് ഓഫ് റിമെംബ്രൻസ്’ മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു. നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. തുടർന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ സാന്നിധ്യത്തിൽ സാംസ്കാരിക പരിപാടിയും നടന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ‘ഇന്ത്യൻ സൈന്യത്തിന്റെ സമാനതകളില്ലാത്ത വീര്യത്തിന്റെയും അവിശ്വസനീയമായ കാര്യക്ഷമതയുടെയും അചഞ്ചലമായ അച്ചടക്കത്തിന്റെയും ഉന്നതമായ ചൈതന്യത്തിന്റെയും മഹത്തായ പ്രതീകമായ കാർഗിൽ വിജയ് ദിവസത്തിൽ രാഷ്ട്രസേവനത്തിൽ തങ്ങളുടെ സകലതും ത്യജിച്ച എല്ലാ വീര ജവാന്മാർക്കും പ്രണാമം!’ – യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനീകരെയാണ് രാജ്യത്തിന് നഷ്ടമായത്. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്. അയ്യായിരത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷൻ വിജയ് എന്ന് കരസേനയും ഓപ്പറേഷൻ സഫേദ് സാഗര്‍ എന്ന് വ്യോമസേനയും പേരിട്ട് വിളിച്ച ആ പോരാട്ടത്തിനൊടുവില്‍ കാര്‍ഗില്‍ മല നിരകളില്‍ ത്രിവര്‍ണ പതാക പാറി.