കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. തിരുവനന്തപുരം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികൾ. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ബലാത്സംഗം, കൊലപാതകം, സംഘം ചേർന്ന് മർദ്ദിക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയവയായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഇവയെല്ലാം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ഇതോടെയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കിയത്.
2018 ഫെബ്രുവരി ഒന്നിനാണ് വിദേശ വനിതയെ പ്രതികൾ കൊലപ്പെടുത്തിയത്. ആയുർവേദ ചികിത്സയ്‌ക്കായി പോത്തൻകോടുള്ള ആയുർവേദ കേന്ദ്രത്തിലേക്ക് എത്തിയതായിരുന്നു വിദേശ വനിത. ഫെബ്രുവരി 14 ന് കോവളത്തേക്ക് പോയ വനിതയെ പിന്നീട് കാണാതായി. ഒരു മാസത്തിന് ശേഷം ഇവരുടെ മൃതദേഹം ഒരു പൊന്തക്കാടിൽ നിന്നും കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇത് വിദേശ വനിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കോവളത്ത് എത്തിയ വിദേശ വനിതയ്‌ക്ക് പ്രതികൾ കഞ്ചാവ് നൽകി. തുടർന്ന് ബോധരഹിതയായ ഇവരെ ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ബോധം വന്നപ്പോൾ പ്രതികളും വനിതയുമായി തർക്കമുണ്ടായി. ഇതിനിടെ വനിതയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കഴുത്തിൽ വള്ളിച്ചെടികൾ കൊണ്ട് കെട്ടി.
കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് കോടതി നടപടികൾ ഓൺലൈൻ വഴികാണാനുള്ള സംവിധാനം ഒരുക്കിയിരുന്നു. കേസില്‍ നീതി പ്രതീക്ഷിക്കുന്നെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി പ്രതികരിച്ചു. നല്ല മനസ്സുള്ള ധാരാളം പേര്‍ ഒപ്പം നിന്നെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ തെളിവുകള്‍ ശക്തമെന്ന് ഡിസിആര്‍ബി അസി. കമ്മിഷണര്‍ പറഞ്ഞു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നെന്ന് കമ്മിഷണർ വ്യക്തമാക്കി