വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിൽ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചചെയ്ത് നിലപാടറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാം ചെയ്തിരുന്നു. വെടിവെപ്പ് നടന്നാല്‍ ഒരുപാട് ആളുകള്‍ മരിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ വെറും പ്രഹസനമാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ വാദിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്തുകൊണ്ട് സര്‍ക്കാർ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെടുന്നില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചോദിച്ചു. അദാനിയുടെ കോടതിയലക്ഷ്യ ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും