ഉത്തരേന്ത്യയിൽ അടുത്ത 4 ദിവസം കൂടി അതിശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 40 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിക്കുകയും പത്തോളം യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. അർണിയയിലെ ദസറ മേൽപാലത്തിലാണ് അപകടമുണ്ടായത്. നിരവധി ലോറികളും കാറുകൾ റോഡിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മരിച്ചവരിൽ ഒരാൾ ട്രക്ക് ഡ്രൈവറാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസം രാവിലെ മുതൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, നോർത്ത് രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് രൂക്ഷമാണ്. ഹരിയാനയില്‍ ഉപമുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.