വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനായ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ നിഷ (ആശ–38) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കിടപ്പുമുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾക്കിടയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ ചെറിയ തർക്കമുണ്ടായി. പിന്നാലെ ആശ ടെറസിലേക്ക് പോയി. രാത്രി കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ ദുരൂഹതയില്ലെന്ന് ആശയുടെ പിതാവ് ശിവാനന്ദൻ പറഞ്ഞു. ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളില്ലെന്നും മാനസിക അസ്വസ്ഥതയാകാം ആത്മഹത്യചെയ്യാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. മരണത്തിൽ സംശയമൊന്നുമില്ലെന്ന് ശിവാനന്ദൻ പൊലീസിന് മൊഴി നൽകി. അതേസമയം, മരണത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. മക്കൾ: ഇന്ദ്രജിത്ത്, സൂര്യജിത്ത്.
വിദേശത്തായിരുന്ന ഉല്ലാസ് ഈയിടെയാണ് മടങ്ങിയെത്തിയത്.