പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഡോക്യുമെന്റ് സീരീസിന് തടയിട്ട് കേന്ദ്രസര്‍ക്കാര്‍. ബിബിസി ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് പ്രസിദ്ധീകരിച്ച ഒന്നിലധികം യൂട്യൂബ് വീഡിയോകള്‍ തടയുന്നതിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബിബിസി സീരീസിലേക്കുള്ള ലിങ്കുമായി ബന്ധപ്പെട്ട 50-ലധികം ട്വീറ്റുകള്‍ തടയാന്‍ ട്വിറ്ററിന് ഐ ആന്‍ഡ് ബി മന്ത്രാലയം സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്. ഇത് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കാനും സുപ്രീം കോടതിയുടെ വിശ്വാസ്യതയെയും അധികാരത്തെയും ചോദ്യം ചെയ്യാനുമുള്ള ശ്രമമായാണ് വിവിധ മന്ത്രാലയങ്ങള്‍ വിലയിരുത്തിയത്. ബിബിസി സീരീസ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തല്‍ മാത്രം ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത ഒരു പ്രചാരണ ശകലമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം.
‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഇതില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിയോട് ഗുജറാത്ത് കലാപത്തെ കുറിച്ചും സംസ്ഥാന നേതൃത്വത്തെ കുറിച്ചുമെല്ലാം ബിബിസിയുടെ റിപ്പോര്‍ട്ടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഗോധ്രയില്‍ ഹിന്ദു തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന തീവണ്ടി കത്തിച്ചതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമം നാശനഷ്ടങ്ങള്‍ക്കും ആയിരത്തിലധികം മരണങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെല്ലാം കാരണമായിരുന്നു.