ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു ക്രിസ്മസ് ദിനം കൂടി വന്നെത്തി. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ ഓർമ്മ പുതുക്കലാണിന്ന്. ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനകളും നടന്നു.
സ്നേഹമാണ് ലോകത്തെ മുന്നോട്ടു നയിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ വത്തിക്കാനിൽ വിശ്വാസികൾക്ക് വേണ്ടി നടന്ന പ്രാർത്ഥനയിൽ ലോകത്തിന് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പട്ടം സെന്റ്മേരീസ് പള്ളിയിൽ കർദിനാൾ ക്ലിമ്മീസ് കത്തോലിക്കാ ബാവ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാളയം സെന്റ്ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിൽ പ്രത്യേക കുർബാന നടന്നു. കേക്ക്, വൈൻ, പടക്കം തുടങ്ങിയവ കൊണ്ട് സജീവമാണ് എല്ലായിടത്തും ക്രിസ്മസ് വിപണി. കോവിഡിന് ശേഷമുള്ള ക്രിസ്മസ് എന്നൊരു പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ ക്രിസ്മസിന്.