കോട്ടയത്ത് കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന സംഘം അപകടത്തിൽപ്പെട്ടത്. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി.
മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ആയിരുന്നു ഇവരുടെ യാത്ര. കമ്പം ചേർത്തല മിനി ഹൈവേ ഭാഗത്ത് നിന്ന് ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് ഈ ഭാഗത്ത് എത്തിയത്. കുറുപ്പന്തറ ജംഗ്ഷനിൽ നിന്ന് കല്ലറയിലൂടെ തലയാഴം വഴി ആലപ്പുഴ ഭാഗത്തേക്ക് പോകാൻ ആകും എന്നാൽ ഗൂഗിൾ മാപ്പ് നോക്കി വന്നപ്പോൾ ദിശ തെറ്റിയതാണ് അപകടകാരണമെന്നാണ് നാട്ടുകാർ നൽകുന്ന വിശദീകരണം.
ഒരു വനിതയടക്കം അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചതായിരുന്നുവെന്നും കാർ വെളളത്തിലേക്ക് ഇറക്കിയ ശേഷമാണ് അപകടം മനസിലായതെന്നുമാണ് യാത്രക്കാർ പറയുന്നത്. ഇരുട്ടായതിനാൽ മുന്നിൽ വെളളമാണെന്നും മനസിലായില്ല. മഴ കനത്ത് പെയ്തതിനാൽ തോട് നിറഞ്ഞ് കവിഞ്ഞിരിക്കുകയായിരുന്നു. മണിക്കൂറുകളോളം തോട്ടിലെ വെളളത്തിൽ മുങ്ങിക്കിടന്ന വാഹനം 11 മണിയോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്.
മെഡിക്കൽ വിദ്യാർഥികളായ 3 പുരുഷൻമാരും ഒരു പെൺകുട്ടിയും അടങ്ങുന്ന നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്.
പോലീസും സ്ഥലത്തെത്തി രാവിലെയാണ് വാഹനം കണ്ടെത്തി പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചത്. ക്രെയിന് ഉപയോഗിച്ച് ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാർ വെള്ളത്തിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. സമീപത്ത് ദിശ വ്യക്തമാക്കുന്ന ബോർഡുകൾ ഇല്ലാത്തത്മൂലം ഇവിടെ അപകടങ്ങൾ കൂടുതലാണന്നാണ് നാട്ടുകാരുടെ പരാതി. അപകടത്തെ തുടർന്ന് തോമസ് ചാഴിക്കാടൻ എം പിയും, മോൻസ് ജോസഫ് എം എൽ എ യു സ്ഥലത്തെത്തിയിരുന്നു. പി ഡബ്ലു ഡിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ദിശാ ബോർഡ് വെക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇരുവരും അറിയിച്ചു.