ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയൻ കുതിപ്പിന് വിരാമമിട്ട് അർജൻറീന ക്വാർട്ടറിൽ. ആദ്യപകുതിയിൽ ലയണൽ മെസിയുടെ രണ്ടാംപകുതിയിൽ ജൂലിയൻ ആൽവാരസും അർജന്റീനയ്ക്കായി ഗോൾ നേടിയപ്പോൾ 2-1ന് ജയം സ്വന്തമാക്കി. ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. എട്ട് വർഷങ്ങൾക്കുശേഷമാണ് അർജൻറീന ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് ഓസ്‌ട്രേലിയക്ക് ആശ്വാസമായത്. മത്സരത്തിന്റെ തുടക്കം മുതൽ അർജന്റീന ആക്രമിച്ച് കളിക്കുകയായിരുന്നു. പന്ത് ഭൂരിഭാഗം സമയവും കൈവശം വെച്ചത് അർജന്റീനയാണ്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റിൽ മെസിയുടെ മനോഹര ഫിനിഷിംഗ്. മെസ്സിയുടെ ഒൻപതാം ലോകകപ്പ് ഗോളാണിത്. ഖത്തർ ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ താരത്തിന്റെ ആദ്യ ഗോളും.. പ്രൊഫഷനൽ കരിയറിൽ ലിയോണൽ മെസി ഇന്നലെ 1000 മത്സരങ്ങൾ പൂർത്തിയാക്കി.