ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയുമായി കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നലെ മിക്കയിടങ്ങളിലും ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലും, വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്രപ്രദേശിനും മുകളിലുമാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0.9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.