എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പുതുതായി 39 സ്ഥാപനങ്ങൾകൂടി ആരംഭിക്കും. ഇതോടെ എമിറേറ്റിലെ സ്വകാര്യ സ്കൂൾ രംഗത്ത് 16,000 കൂടുതൽ സീറ്റുകൾകൂടി ലഭ്യമാകുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) വ്യക്തമാക്കി. . സ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നിവയടക്കമുള്ള സ്ഥാപനങ്ങൾ പുതിയ അധ്യയന വർഷത്തിലാണ് പ്രവർത്തനമാരംഭിക്കുന്നത്.
എമിറേറ്റിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സംവിധാനമാണ് കെ.എച്ച്.ഡി.എ. 2024-25 അധ്യയനവർഷത്തിൽ കെ.എച്ച്.ഡി.എ ലൈസൻസോടെ നാല് പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുറക്കുന്നത്. ഇത് എമിറേറ്റിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തെയാണ് അടയാളപ്പെടുത്തുന്നത്. അവയിൽ മൂന്നെണ്ണം ബിരുദ, ബിരുദാനന്തര കോഴ്സുകൾ നൽകുന്നവയാണ്.
28 എർലി ചൈൽഡ്ഹുഡ് സെന്ററുകളും തുറക്കുന്നവയിൽ ഉൾപ്പെടും. നേരത്തേ ജൂൺ, ജൂലൈ മാസങ്ങളിൽ ഏഴ് ഇത്തരം സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചതിന് പുറമെയാണിത്. പുതിയ സ്കൂളുകളിൽ ബ്രിട്ടീഷ് കരിക്കുലം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഞ്ച് സ്കൂളുകളും ഉൾപ്പെടും. ദുബൈ ബ്രിട്ടീഷ് സ്കൂൾ ജുമൈറ, ജെംസ് ഫൗണ്ടേഴ്സ് സ്കൂൾ ദുബൈ സൗത്ത്, മുഹൈസിന ന്യൂ ഡോൺ പ്രൈവറ്റ് സ്കൂൾ, തവാറിലെ ഹംപ്ടൺ ഹൈറ്റ്സ് ഇന്റർനാഷനൽ സ്കൂൾ, അൽ അവീറിലെ സ്പ്രിങ്ഫീൽഡ് ഇന്റർനാഷനൽ സ്കൂൾ എന്നിവയാണിത്. അതോടൊപ്പം ഫ്രഞ്ച് കരിക്കുലത്തിൽ പ്രവർത്തിക്കുന്ന സ്കൂളും പുതുതായി തുറക്കുന്നുണ്ട്. ദുബൈയിലെ ആദ്യത്തെ ചൈനീസ് കരിക്കുലം നഴ്സറിയും ഇതിൽ ഉൾപ്പെടും. പുതുതായി തുറക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ഏറെയും ബ്രിട്ടീഷ് കരിക്കുലമാണ് സ്വീകരിച്ചിട്ടുള്ളത്.