സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് ബെംഗ്ലൂരുവില്‍ പ്രതികരിച്ചു. ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും സ്വപ്ന പറഞ്ഞു. എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു. ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.