തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവർക്കും ലുലു ഗ്രൂപ്പ് സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ജില്ലാ കളക്ടർ മുഖേന സഹായം നൽകുമെന്ന് എംഎ യൂസഫലി അറിയിച്ചു.
നേരത്തെ സംസ്ഥാന സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു.
സ്ഫോടനത്തിൽ മരിച്ച 14 പേരിൽ എട്ട് പേരെ തിരിച്ചറിഞ്ഞു. നാലു മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നിലവിൽ 11 പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടുപേർ വെന്റിലേറ്ററിൽ ആണ്. ഇന്നും കഡാവർ നായയുമായി നടത്തിയ തിരച്ചിലിൽ സമീപ പാടങ്ങളിൽ നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങൾ ചിതറിയ നിലയിലായിരുന്നു. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് ഏപ്രിൽ 21 ഉച്ചതിരിഞ്ഞ് 3.30ഓടെ വൻ സ്ഫോടനം നടന്നത്.

