നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം പത്തുവയസുകാരി നിദ ഫാത്തിമയുടെ ജീവനറ്റശരീരം കൊച്ചിയിലെത്തിച്ചു. വിമാനമാർഗം രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എം.എൽ.എ എച്ച് സലാമും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. മൃതദേഹം പത്തുമണിക്ക് നിദ പഠിക്കുന്ന സ്കൂളിൽ പൊതുദർശനത്തിന് വച്ചശേഷം ഇന്ന് ഉച്ചയ്ക്ക് 12 30 ഓടെ അമ്പലപ്പുഴ കാക്കാഴത്തെ ജുമാ മസ്ജിദിൽ സംസ്കരിക്കും.
സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഡിസംബർ ഇരുപതിനാണ് നിദ ഫാത്തിമ ഉൾപ്പെട്ട സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദ്ദിച്ച് അവശയായ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെവച്ച് ഭക്ഷ്യവിഷ ബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ മരണമടയുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് തുടങ്ങിയ പോസ്റ്റ്മോർട്ടം ഉച്ചയോടെ പൂർത്തിയായി. നിദയുടെ മരണകാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഓട്ടോറിക്ഷ തൊഴിലാളിയായ അമ്പലപ്പുഴ കാക്കാഴം സുഹ്‌റ മനസിലിൽ ശിഹാബുദ്ദീന്റെയും അൻസിലയുടേയും മകളാണ് നിദ. നീർക്കുന്നം എസ് ഡി വി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
നിദയുടെ മരണം ടീമിലെ എല്ലാപേരെയും അറിയിച്ചിട്ടില്ല. ദേശീയ ചാമ്പ്യൻഷിപ് സംഘടിപ്പിച്ച ഫെഡറഷന് എതിരെയും ചികിത്സപിഴവ് വരുത്തിയ നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയ്‌ക്കെതിരെയും നിദയുടെ പിതാവ് പോലീസിൽ പരാതി നൽകി. സംസ്ഥാന കായിക മന്ത്രി വി. അബ്ദുൾറഹ്മാൻ നിദയുടെ വീട് സന്ദർശിച്ചു.