ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അനന്ത്‌നാഗിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. അപകടത്തില്‍ മെഹബൂബ മുഫ്തിയ്ക്ക് പരിക്കേറ്റിട്ടില്ല. സംഭവം നടക്കുമ്പോള്‍ മുഫ്തിയും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥരും കാറിലുണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിന്‍റെ മുൻ ഭാഗം തകർന്നു. ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അനന്ത്‌നാഗിലെ സംഗമില്‍ വെച്ച് മറ്റൊരു കാറുമായി മുഫ്തിയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. തീപിടിത്തത്തില്‍ മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്താനായി ഖനാബാലിലേക്ക് പോകുകയായിരുന്നു മുഫ്തി. അപകടശേഷവും മുഫ്തി മുന്‍ നിശ്ചയിച്ച യാത്ര തുടര്‍ന്നു.
അടുത്തിടെ ജമ്മു കശ്മീരിലെ പൂഞ്ചില്‍ കൊല്ലപ്പെട്ട മൂന്ന് സാധാരണക്കാരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ മെഹബൂബ മുഫ്തിയെ പോലീസ് തടഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബഫ്‌ലിയാസില്‍ വച്ചാണ് പൊലീസ് തടഞ്ഞത്. മറ്റ് പിഡിപി പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു മുഫ്തി കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമുയര്‍ന്നു. മുഗള്‍ റോഡ് വഴിയാണ് മെഹബൂബ മുഫ്തി സുരന്‍കോട്ടിലെത്തിയത്. എന്നാല്‍ അവരുടെ വാഹനവ്യൂഹത്തെ ബഫ്‌ലിയാസിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചില്ല. ഗ്രാമം സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മുഫ്തി, പോലീസ് ഭരണകൂടത്തിന്റെ നടപടിയെ ചോദ്യം ചെയ്തു. ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്നയ്ക്ക് ഇരകളുടെ കുടുംബങ്ങളെ കാണാന്‍ അനുവാദം നല്‍കിയെന്നും ഇപ്പോള്‍ എന്തിനാണ് തങ്ങളെ തടയുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് മുഫ്തി പ്രതിഷേധിച്ചത്.
ഇതിനിടെ മെഹബൂബ മുഫ്തി അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. മുഫ്തി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടുവെന്ന് കേട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.