ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ സംഗീത പര്യടനം ഹുക്കും വേള്‍ഡ് ടൂര്‍ എന്ന സംഗീത യാത്രക്ക് അടുത്തമാസം പത്തിന് കൊക്കകോള അരീനയില്‍ തുടക്കമാവും. 10 രാജ്യങ്ങളില്‍ ഹുക്കും വേള്‍ഡ് ടൂർ സംഗീത പര്യടനം നടത്തും. ദുബായ് ഫ്രെയിമിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് ലോക സംഗീത പര്യടന പ്രഖ്യാപനം നടത്തിയത്. സംഗീതത്തിലൂടെ എല്ലാവരെയും ചേർത്തു നിർത്തുക എന്നതാണ് ലോക പര്യടനത്തിന്റെ ലക്ഷ്യമെന്ന് അനിരുദ്ധ് രവിചന്ദർ പറഞ്ഞു. എല്ലാത്തരം ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന സംഗീതത്തിനാണ് പ്രധാന്യം നൽകുന്നതെന്ന് അനിരുദ്ധ് പറഞ്ഞു.
ദുബായിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയും സ്നേഹവും ഏറെ പ്രചോദനം നല്‍കുന്നതാണ്. അതുകൊണ്ടാണ് സംഗീത യാത്രയുടെ തുടക്കം ദുബായിൽ നിന്നാകണമെന്ന് തീരുമാനിച്ചതെന്ന് അനിരുദ്ധ് രവിചന്ദർ പറഞ്ഞു. യാത്രകളെപ്പോഴും അനുഗ്രഹമാണ്. തന്‍റെ സംഗീതത്തെ സ്നേഹിക്കുന്നവരുമായി അടുത്തിടപഴകാനുളള അവസരമാണ് ഹുകും വേള്‍ഡ് ടൂർ എന്ന് ദുബായ് ഫ്രയ്മിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഈ വർഷം മലയാളത്തിലുള്‍പ്പടെ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിനായി സംഗീതമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖരായ ബ്രാന്‍ഡ് അവതാർ ആണ് പരിപാടിയുടെ സംഘാടകർ. പ്ലാറ്റിനം ലിസ്റ്റ്,കൊക്കോ കോള അരീന,വിർജിൻ ടിക്കറ്റ്സ് എന്നിവയിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാവും. വൈ ദിസ് കൊലവറി എന്ന പാട്ടിലൂടെയാണ് അനിരുദ്ധ് രവിചന്ദറിന്റെ തമിഴ് സിനിമയില്‍ എത്തുന്നത്. പിന്നീട് ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ക്ക് അനിരുദ്ധ് ജന്മം നല്‍കി. മലയാളത്തില്‍ പ്രേമം,ശേഷം മൈക്കിൽ ഫാത്തിമ എന്നീ രണ്ട് ചിത്രങ്ങളില്‍ അനിരുദ്ധ് ഗാനം ആലപിച്ചിട്ടുണ്ട്.