കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിലെത്തിയതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി. രാത്രി ഒൻപതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു. 25 മിനിറ്റിനു ശേഷം ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. സംഭവം സുരക്ഷാ വീഴ്ചയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം പവർകട്ട് മനഃപൂർവമല്ലെന്ന് ആരോപണങ്ങളോട് പ്രതികരിച്ച ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. വൈദ്യുതി മുടക്കത്തിന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അമിത് ഷായെ സ്വീകരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർ, വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചു റോഡ് ഉപരോധിച്ചു. മനപ്പൂര്‍വ്വം വൈദ്യുതി അണക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപണം.
മോദി സർക്കാരിന്‍റെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പെതുസമ്മേളനത്തിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തിയത്. വെല്ലൂരിലാണ് റാലിയും പൊതുസമ്മേളനവും നടക്കുക. ഇന്നലെ രാത്രി ചെന്നൈയിലെത്തിയ ആഭ്യന്തര മന്ത്രി, വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ചെന്നൈ സൗത്ത് ലോക്സഭ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരെ നേരിൽ കണ്ട ശേഷമാണ് വെല്ലൂരിലേക്ക് തിരിച്ചത്.