ദുബൈയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ വന്നു. എമിറേറ്റിലെ മുഴുവന്‍ വില്പനക്കാര്ക്കും ഉപഭോക്താക്കള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് നിരോധനം.
ദുബൈ കിരീടാവകാശിയും യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. ഇത് പരമാവധി 2,000 ദിര്‍ഹം വരെയാകാം.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഉല്പന്നങ്ങളുടെ ഇറക്കുമതിയും വ്യാപാരവും പിന്നാലെ നിരോധിക്കാനാണ് പദ്ധതി. അതേസമയം മാംസം, മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, എന്നിവ പൊതിയുന്നതിനുള്ള നേര്‍ത്ത ഫിലിം റോളുകള്‍, മാലിന്യ സഞ്ചികള്‍ ഉള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമില്ല. പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകൾകൊണ്ട് നിർമിക്കുന്ന ബാഗുകൾക്കും കയറ്റുമതി ചെയ്യുന്ന പ്ലാസ്റ്റിക്കുകൾക്കും നിരോധനമില്ല. 2025 മുതൽ ടേബിൾ കവർ, കപ്പുകൾ, സ്റ്റിറോഫോം ഫുഡ് കണ്ടെയ്നർ, പ്ലാസ്റ്റിക് സ്ട്രോകൾ, കോട്ടൻ ബഡ്സ്, പ്ലാസ്റ്റിക് സ്റ്റിറേഴ്സ് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളും നിരോധിക്കും. പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഫുഡ് കണ്ടെയ്നറുകൾ, ടേബിൾ വിരികൾ, കുടിവെള്ള കുപ്പികൾ, അവയുടെ മൂടികൾ എന്നിവ 2026 മുതൽ നിരോധിക്കാനാണ് തീരുമാനം.
2023ന്റെ തുടക്കത്തിൽ മുഴുവൻ എമിറേറ്റുകളിലും പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.