മോഹൻലാലിന്റെ ഏറ്റവും പുതിയ ഷാജി കൈലാസ് ചിത്രം ‘എലോൺ ‘ നമ്മളോട് പറയുന്നു നമുക്ക് ചുറ്റും ആരൊക്കെയോ ഉണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് എലോൺ. ഫാന്റസി, ത്രില്ലർ, ഹൊറർ എല്ലാം ചിത്രത്തിന്റെ ഭാഗമായി വരുന്നുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ മോഹൻലാൽ മാത്രം നിറഞ്ഞുനിൽക്കുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പെടുത്തിയും ഒക്കെയാണ് മോഹൻലാൽ മുന്നോട്ടു പോകുന്നത്.
ഇനി കഥാപശ്ചാത്തലം. കോവിഡ് കാലത്തെ കഥ പറയുന്ന സിനിമയാണ് എലോൺ. കാളിദാസൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി എത്തുന്ന കാളിദാസൻ അവിടെ അവിടെയെത്തുമ്പോഴേക്കും സമ്പൂർണ്ണ ലോക്ക് ഡൗണിൽ പെട്ട് പോകുന്നു. ജീവനില്ലാത്ത ചുമരുകൾക്കുള്ളിൽ തന്റെ ഏകാന്ത ജീവിതത്തെ മുഖാമുഖം നോക്കിയിരിക്കുന്ന കാളിദാസന് ഒരു തിരിച്ചറിവ് ഉണ്ടാകുന്നു. തന്നെ കൂടാതെ മറ്റാരോ രണ്ടു പേർ കൂടി അവിടെയുണ്ട്. അവർ ആരെന്നറിയില്ല. എന്നാൽ അവരുടെ ശബ്ദങ്ങളിലൂടെ അവരെ തിരിച്ചറിയാം. ഒടുവിൽ കാളിദാസൻ അതുതന്നെ തീരുമാനിക്കുന്നു. അവരുടെ ജീവിതം തേടി കളിദാസൻ ഇറങ്ങുന്നു. തുടർന്ന് കാളിദാസന്റെ അന്വേഷണങ്ങളും ശേഷമുള്ള കണ്ടെത്തലുകളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
നമ്മുടെയെല്ലാം ജീവിതത്തിൽ അവിചാരിതമായി സംഭവിക്കാവുന്ന കാര്യങ്ങളെ കോർത്തിണക്കി കൊണ്ടാണ് സിനിമയുടെ മുന്നോട്ടുള്ള പ്രയാണം. ഒരാളെ മാത്രം സ്ക്രീനിൽ കാണാൻ കഴിയുകയും ഒരാളിനും അപ്പുറത്തേക്ക് ശബ്ദസങ്കേതങ്ങൾ സ്ക്രീനിൽ എത്തുകയും ചെയ്യുന്ന അവതരണ ശൈലിയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ശബ്ദത്തിനുടമകളായി പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയവർ എത്തുന്നതും സിനിമയെ വ്യത്യസ്തമാക്കുന്നു. കോവിഡ്കാലത്ത് ഒരുക്കിയ ചിത്രമായതുകൊണ്ട് തന്നെ ധാരാളം പരിമിതികളും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് രാജേഷ് ജയരാമൻ ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമനുജവും പ്രമോദ് കെ പിളളയുമാണ്.