ലോസ് ആഞ്ജൽസ്: മഞ്ഞുനീക്കം ചെയ്യുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിലായ ഹോളിവുഡ് നടൻ ജെറമി റെന്നറിന്റെ ആരോഗ്യനിലയിൽ പുരോഗതി. നടൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിട്ടുള്ളത്. ഒപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ആരാധകർക്ക് ആശ്വാസം നൽകിയിരിക്കുന്നത്. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും ഇൻസ്റ്റയിൽ പങ്കുവെച്ച താരം എല്ലാവരുടെയും നല്ല വാക്കുകൾക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് നടൻ ജെറമി റെന്നറിന് മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ അപകടമുണ്ടായത്. വീടിനു സമീപത്തെ മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ആയിരുന്നു അപകടം.വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര്‍ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.
2010 ൽ ‘ദ ഹർട്ട് ലോക്കർ ‘ എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെറമിക്ക് മികച്ച നടനുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശം ലഭിച്ചിരുന്നു. അതേ വർഷം തന്നെ ‘ദി ടൗൺ ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്‌കർ പുരസ്‌കാര നാമനിർദേശവും ലഭിച്ചിട്ടുണ്ട്. മിഷൻ ഇംപോസിബിൾ, അറൈവൽ, ഹോക്ക് ഐ തുടങ്ങിയ ചിത്രങ്ങളും ജെറമി യുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.