നെടുങ്കണ്ടം: ഹൈറേഞ്ചിലെ വ്യാപാരമേഖലയിൽ മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കേരളത്തിന് നേരിട്ട കനത്ത വിലയിടിവാണ് വ്യാപാരമേഖലയിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഏലത്തിന് വലിയ രീതിയിലുള്ള വിലയിടിവാണ് വിപണിയിൽ നേരിടുന്നത്.ഇതോടെ മുഴുവൻ വ്യാപാരമേഖലയും സ്തംഭനത്തിലായ അവസ്ഥയാണ് .
ഹൈറേഞ്ചിലെ പല വ്യാപാരസ്ഥാപനങ്ങളിലും ചെറിയ രീതിയിലുള്ള വിൽപ്പന പോലും ഏലത്തിന് നടക്കുന്നില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. വ്യാപാരരംഗത്ത് ഇത്രയേറെ മാന്ദ്യം ഇതിനുമുമ്പ് സംഭവിച്ചിട്ടില്ല എന്നും അവർ പറയുന്നു. ഏലക്കയുടെ കുത്തനെയുള്ള വിലയിടിവും വ്യാപാര മാന്ദ്യവും മുഴുവൻ മലഞ്ചരക്ക് കച്ചവടത്തെയും സാരമായി ബാധിച്ചതായി കച്ചവടക്കാർ പറയുന്നു. വ്യാപാരികളിൽ പലരും മാസഅവസാന വാടകയും ജീവനക്കാരുടെ ശമ്പളവും, ബാങ്ക് ലോണും, മറ്റു ചിലവുകളുമായി ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് ഉള്ളത്. ഇത്തവണ ക്രിസ്മസിന് പോലും മുൻകാലങ്ങളിലെ പോലെയുള്ള കച്ചവടം നടന്നിട്ടില്ല എന്നാണ് ഇവർ പറയുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് പലർക്കും ജോലി നഷ്ടമായി. ഹൈറേഞ്ചിലെ മിക്ക ടൗണുകളിലും ചന്ത ദിവസം പോലും ആളുകൾ എത്താതായിരിക്കുകയാണ്. നിലവിൽ പല കടകമ്പോളങ്ങളും സന്ധ്യയാകുന്നതോടുകൂടി അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥയാണ്. കുറച്ചുനാളുകളായി പല കാരണങ്ങൾ കൊണ്ടും ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലായിരുന്നു ഇതിനിടെയുണ്ടായ ഏലത്തിന്റെ വിലയിടിവ് കർഷകർക്ക് കനത്ത തിരിച്ചടിയായി. കർഷകർ പലരും ഏലക്ക പച്ചയ്ക്ക് വിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.