ഉത്തരാണ്ഡ് ഹല്‍ദ്വാനിയിലെ ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. റെയില്‍വേ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിട്ട ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി മരവിപ്പിച്ചത്. റെയിൽവേയുടെ പക്കലുള്ള 29 ഏക്കർഭൂമിയിൽ നിന്ന് നാലായിരം കുടുംബങ്ങളെ ഒഴിപ്പിക്കുന്ന വിഷയത്തില്‍ മനുഷ്യത്വപരമായ കാര്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 50 വര്‍ഷത്തിലേറെയായി ജനങ്ങള്‍ താമസിക്കുന്ന സ്ഥലമാണത്. സംസ്ഥാന സര്‍ക്കാരിനും റെയില്‍വേയ്ക്കും കോടതി നോട്ടീസ് അയച്ചു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ വിഷയത്തില്‍ പര്യവസാനം ഉണ്ടാകണമെന്നും ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരുടെ ബെഞ്ച് പറഞ്ഞു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി ഏഴിലേക്ക് മാറ്റി.
വിഷയത്തില്‍ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. അറുപത് – എഴുപത് വര്‍ഷമായി ഒരു പ്രദേശത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുമ്പോള്‍ അവരുടെ പുനരധിവാസം ഉറപ്പുവരുത്തേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമ്പൂര്‍ണ ഭൂമി റെയില്‍വേയുടെ കൈവശമാണോ അതോ സംസ്ഥാനത്തിന്റേത് ഏത് ഭൂമിയാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഹല്‍ദ്വാനിയിലെ 29 ഏക്കര്‍ റെയില്‍വേ ഭൂമിയിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 4,365 കയ്യേറ്റക്കാരുണ്ടെന്നാണ് റെയില്‍വേയുടെ കണക്ക്.