കരുതലോടെ ജീവിച്ചാലും ചില ഘട്ടങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നാം നേരിടേണ്ടതായി വരും. സാമ്പത്തിക ദുരിതങ്ങളിൽ നിന്നും കരകയറാനും കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനും ലക്ഷ്മി ദേവിയെ ഭജിക്കുന്നത് നല്ലതാണ്. സർവ്വ ഐശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മിദേവി. ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മിദേവി ആദി പരാശക്തിയുടെ അവതാരം കൂടിയാണ്. വീട്ടിൽ ലക്ഷ്മി കടാക്ഷം ഉണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരും എന്നാണ് വിശ്വാസം. വെള്ളിയാഴ്ച ദിവസങ്ങൾ ലക്ഷ്മിക്ക് ഏറെ പ്രീതികരമാണ്. മലയാളമാസത്തിൽ ആദ്യം വരുന്ന മുപ്പെട്ടു വെള്ളിയാഴ്ചകളിൽ വ്രതമനുഷ്ടിച്ച് ദേവിയെ ഭജിക്കുന്നത് ഇരട്ടിഫലം നൽകും. എല്ലാ വെള്ളിയാഴ്ചയും വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ മാസത്തിൽ ഒരു വെള്ളിയാഴ്ച എന്ന രീതിയിലും വ്രതം അനുഷ്ഠിക്കാവുന്നതാണ്.
വ്രതം അനുഷ്ഠിക്കുന്ന ദിവസം പൂർണ്ണ ഉപവാസം പാടില്ല എന്നാൽ കൂടുതൽ ഭക്ഷണം ആവുകയും ചെയ്യരുത്. കഴിവതും വീട്ടിൽ തന്നെ പാചകം ചെയ്ത ഭക്ഷണമാണ് ഉത്തമം. ഒരു നേരം അരിയാഹാരം മാത്രം കഴിച്ചുകൊണ്ട് മറ്റ് രണ്ട് നേരങ്ങളിൽ ധാന്യഭക്ഷണങ്ങളോ പഴങ്ങളോ ഭക്ഷിക്കാം. ദിവസം മുഴുവൻ മഹാലക്ഷ്മി പ്രാർത്ഥനയിൽ മുഴുകി കഴിയുന്നത് അത്യുത്തമം. കഴിയുമെങ്കിൽ ദാനധർമ്മങ്ങൾ നടത്തുക. ലക്ഷ്മി ദേവിക്ക് ഏറെ ഇഷ്ടമുള്ള വെള്ള വസ്ത്രങ്ങൾ ധരിക്കുക. വ്രതദിവസം രാവിലെ കുളിച്ച് നിലവിളക്ക് കൊളുത്തി ലക്ഷ്മിനാമം ജപിക്കണം. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ലളിതാസഹസ്രനാമം കനകധാരാസ്തോത്രം എന്നിവ പാരായണം നടത്തുക. സാമ്പത്തിക അഭിവൃദ്ധിക്ക് മഹാലക്ഷ്മ്യഷ്ടകം അർത്ഥം മനസ്സിലാക്കി പ്രഭാതത്തിലും പ്രദോഷത്തിലും ജപിക്കുക. ലക്ഷ്മി പ്രീതികരമായ മന്ത്രങ്ങൾ രാവിലെ ആറുമണിക്കും ഏഴിനും ഇടയിലായി നിലവിളക്ക് കൊളുത്തി അതിനുമുന്നിലിരുന്ന് ജപിക്കുന്നതാണ് നല്ലത്.