ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, രണ്ട് ദിവസത്തെ ഔദ്യോഗിക പര്യടനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങി. മസ്‌കത്തിൽ നിന്ന് മടങ്ങിയ പ്രധാനമന്ത്രിയെ ഒമാൻ പ്രതിരോധ മന്ത്രാലയം ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യാത്രയാക്കി. വാണിജ്യ-വ്യവസായ മന്ത്രിയും സൈനിക മേധാവികളും ഉൾപ്പെടെയുള്ള പ്രമുഖർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
നയതന്ത്രപരമായും സാമ്പത്തികമായും ഏറെ പ്രാധാന്യമുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ ഈ ഒമാൻ സന്ദർശനം. സന്ദർശനത്തിനിടെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി അദ്ദേഹം സുപ്രധാന ചർച്ചകൾ നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷിക വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒമാൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ ചരിത്രപരമായ പുതിയ അധ്യായത്തിന് തുടക്കമിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായും അദ്ദേഹം സംവദിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി ഇരു ഭരണാധികാരികളുടെയും സാന്നിധ്യത്തിൽ ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സാമ്പത്തിക സഹകരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കും. കൂടാതെ, സമുദ്ര പൈതൃകം, ശാസ്ത്രീയ ഗവേഷണം, കൃഷി, നൈപുണ്യ വികസനം എന്നീ മേഖലകളിലായി നാല് സുപ്രധാന ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരം നൽകി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രധാനമന്ത്രിയെ ആദരിക്കുകയും ചെയ്തു.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 70-ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ഒമാനിലെത്തിയ മോദി മലയാളികളോട് ‘സുഖമാണോ ’? എന്ന് കുശലം ചോദിക്കുകയും സംസാരിക്കുകയും ചെയ്തു. ഒമാനിൽ ‘മിനി ഇന്ത്യ’ കാണാൻ കഴിഞ്ഞുവെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. ഒമാനിലെ മലയാളികളോട് “സുഖമാണോ?” എന്ന് കുശലം ചോദിച്ച മോദി, ഒമാൻ ഒരു ‘മിനി ഇന്ത്യ’യായി മാറിയെന്നും പ്രശംസിച്ചു. സമുദ്ര സുരക്ഷയിലും വാണിജ്യ രംഗത്തും തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതായിരുന്നു ഈ സന്ദർശനം.

