ഷാർജ എക്സ്‌പോ സെന്ററിൽ നടക്കുന്ന 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് സമാപിക്കും. ഈ മാസം 6 ന് ഷാർജ എക്സ്‌പോ സെന്ററിൽ ആണ് ‘ഒരു പുസ്തകത്തിലൂടെ തുടക്കം’ എന്ന പ്രമേയത്തിലാണ് ഇക്കുറി പുസ്തകമേള സംഘടിപ്പിച്ചത്. വൻ ജന പങ്കാളിത്തമാണ് ഇക്കുറിയും പുസ്തകമേളയിൽ ദൃശ്യമായത്. ദിനംപ്രതി ആയിരക്കണക്കിന് സ്‌കൂൾ വിദ്യാർഥികളും മേളയിലെത്തി. 500- ലേറെ പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങളാണ് ഏഴാം നമ്പർ പവിലിയനിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നത്. ലക്ഷക്കണക്കിന് വായനക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ മേളയിലെത്തിയത്. പതിവുതെറ്റാതെ മലയാളികൾതന്നെയാണ് ഈ വർഷവും ഷാർജ പുസ്തകമേള ഉത്സവമാക്കിയത്. ഒട്ടേറെ വിദ്യാർഥികളുടെ പുസ്തകങ്ങളും മേളയിൽ പ്രകാശിപ്പിച്ചു. വാരാന്ത്യങ്ങളിൽ ആണ് തിരക്ക് കൂടുതൽ. കുട്ടികളുമായി കുടുംബസമേതം പുസ്തകങ്ങൾ വാങ്ങാൻ എത്തുന്നവരും കുറവല്ല. കുട്ടികൾക്കായി അറിവിനൊപ്പം വൈവിധ്യമായ കലാപരിപാടികളും, കോമിക്,കുക്കറി തുടങ്ങിയ പ്രത്യേക വിഭാഗങ്ങളും പുസ്തകമേളയിൽ ഒരുക്കിയിട്ടുണ്ട്.
112 രാജ്യങ്ങളിൽ നിന്ന് 2,522 പ്രസാധകർ പങ്കെടുത്തപ്പോൾ ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകർ മേളയിൽ ഭാഗമായി എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരിൽ ഏറ്റവും കൂടുതൽ പ്രസാധകർ എത്തുക മലയാളത്തിൽ നിന്നാണ്. തമിഴ്, ഹിന്ദി, കന്നഡ, ഉറുദു എന്നീ ഭാഷകളിൽ നിന്നുള്ളവരാണ് മറ്റു പ്രസാധകർ. പുതിയ പുസ്തകങ്ങളുമായി 400-ലേറെ എഴുത്തുകാരും മേളയിൽ എത്തും. മൊറോക്കോയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. 63 രാജ്യങ്ങളിൽനിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1357 സാംസ്കാരിക പരിപാടികലും നടന്നു. എല്ലാ പ്രായക്കാർക്കുമായി ഏതാണ്ട് 600 ശില്പശാലകൾ നടത്തും. ഇന്ത്യ, വിയറ്റ്‌നാം, ഒമാൻ, സ്ലോവേനിയ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെ13 രാജ്യങ്ങളിൽ നിന്നുള്ള 17 പാചക വിദഗ്ധർ അണിനിരക്കുന്ന 47 തത്സമയ പാചക പരിപാടികൾ മേളയിലെ കുക്കറി കോർണറിൽ അരങ്ങേറി.
കവി റഫീഖ് അഹമ്മദ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറൈഷി എന്നിവർ മേള സജ്ജീവമാക്കി. ഇതാദ്യമായാണ് റഫീഖ് അഹമ്മദ് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്കെത്തിയത്. മേളയ്ക്ക് മുന്നോടിയായി നവംബർ 3 മുതൽ 5 വരെ നടന്ന 14–മത് പബ്ലിഷേഴ്സ് കോൺഫറൻസിൽ ഇന്ത്യയുൾപ്പെടെ 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുത്തു.
ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ആണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. അറബി ഭാഷാ സാഹിത്യത്തെയും ശാസ്ത്രത്തെയും ചരിത്രത്തെയും പരിപോഷിപ്പിക്കുമെന്നും അറബി ഭാഷയെ ലോകോത്തരമാക്കുമെന്നും ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. പുസ്തകങ്ങളാണ് ഒരു രാജ്യത്തിന്റെ വളർച്ചയും വിജയവും പുരോഗതിയും നിർണയിക്കുന്നത്. ഷാർജ എന്നും പുസ്തകങ്ങളെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സുഹൃത്ത് പുസ്തകമാണെന്നുള്ള നബിയുടെ വാക്കുകളെ സ്മരിച്ച് ഷെയ്ഖ് സുൽത്താൻ പറഞ്ഞു. സമ്പൂർണ അറബിക് സർവവിജ്ഞാനകോശം പുറത്തിറക്കുമെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു.