ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം ‘രാസ്ത’ നാളെ മുതൽ തീയറ്ററിൽ എത്തും. കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. വിഷ്ണു നാരായണനാണ് ‘രാസ്ത’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പൂർണമായും ഒമാനിൽ ആണ് രാസ്ത ചിത്രീകരിച്ചിരിക്കുന്നത്. അതിജീവന കഥ പറയുന്ന സിനിമ എന്നതിലുപരി ഇതുവരെ ആരും പറയാത്ത ചില പ്രവാസജീവിതത്തിന്റെ യാഥാർഥ്യങ്ങൾ ഈ സിനിമയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് സംവിധായകൻ അനീഷ് അൻവർ പറഞ്ഞു. ഒമാനില്‍ നിന്നുള്ള കലാകാരന്മാരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രാസ്ത ഒരു ചെറിയ സിനിമയാണെന്നും ഒടിടിയില്‍ വരുമ്പോള്‍ കാണാമെന്ന പ്രേക്ഷകരുടെ മനോഭാവം മാറണമെന്നും തികച്ചും തിയറ്റർ അനുഭവം നിരാശപ്പെടുത്താത്ത സിനിമയാകും രാസ്ത എന്നും സംവിധായകൻ അനീഷ് അൻവർ പറഞ്ഞു.
വളരെ ബുദ്ധിമുട്ടനുഭവിച്ചാണ് ഒമാനിലെ റൂബ് അല്‍ ഖാലി മരൂഭൂമിയില്‍ ചിത്രീകരണം നടന്നത് എന്നും പൂർണമായും ഒമാനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാണ് രാസ്തയെന്നും നിർമ്മാതാവ് ലിനു ശ്രീനിവാസ് പറഞ്ഞു. 45 ദിവസമെടുത്തതാണ് ചിത്രം പൂർത്തീകരിച്ചത്. ജിസിസിയിൽ യു എ ഇ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിൽ 45 തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികൾക്ക് അവിൻ മോഹൻ സിതാരയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ദുബായ് ഫ്ലോറ ഇന്‍ ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ സംവിധായകൻ അനീഷ് അൻവർ, പ്രധാന നടൻ സർജാനോ ഖാലിദ്, നിർമ്മാതാവ് ലിനു ശ്രീനിവാസ്, മുനീർ അൽ വഫ എന്നിവര്‍ പങ്കെടുത്തു.