മണിപ്പൂരിൽ കലാപമൊഴിയുന്നില്ല. മണിപ്പൂരിൽ ഓഗസ്റ്റ് 29 മുതൽ കുക്കികളും മെയ്റ്റീസും തമ്മിലുള്ള തുടർച്ചയായ വെടിവയ്പിനെ തുടർന്ന് ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലായി എട്ട് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിവിധ സംഘടനകളില്‍ പെട്ട നാല് തീവ്രവാദികളെ അറസ്റ്റ് ചെയ്തതായും ഇവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ചുരാചന്ദ്പൂർ, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ ദുർബല പ്രദേശങ്ങളിൽ വ്യാഴാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ 20 സ്ഫോടകവസ്തുക്കൾ, 3 തോക്കുകൾ, 20 വെടിയുണ്ടകൾ, മുതലായവ കണ്ടെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. സെൻട്രൽ കൺട്രോൾ റൂമിൽ 9233522822 എന്ന നമ്പറിൽ ബന്ധപ്പെട്ട് സംശയാസ്പദമായ ഉള്ളടക്കത്തിന്റെ ആധികാരികത പൗരന്മാർക്ക് പരിശോധിക്കാമെന്നും പോലീസ് അറിയിച്ചു.
ക്രമസമാധാനം നിലനിർത്തുന്നതിന്, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും പോലീസ് അഭ്യർത്ഥിച്ചു. മുന്കരുതലിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലായി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 1,900-ലധികം വ്യക്തികളെ നിയമപാലകർ പിടികൂടിയിട്ടുണ്ട്. ചുരാചന്ദ്പൂരിലെ ലോൺഫായ്, ഖൗസാബുംഗ്, കാങ്‌വായ്, സുഗ്‌നു പ്രദേശങ്ങളിൽ ആഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരുന്ന സമ്പൂർണ അടച്ചിടലിന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) ആഹ്വാനം ചെയ്തു.