ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയാണ്. വായനയുടെയും പുസ്തകങ്ങളുടെയും ലോകത്ത് നിന്ന് ഭാവനയുടെയും സൃഷ്ടികളുടെയും ലോകത്തേക്ക് കൂടി കുട്ടികളെ സജ്ജീവമായി കൊണ്ടുപോവുന്നതിന് കുട്ടികളുടെ വായനോത്സവം അവസരമൊരുക്കുന്നുണ്ട്. കുട്ടികൾക്കായി നിരവധി വർക് ഷോപ്പുകൾ ആണ് ഒരുക്കിയിരിക്കുന്നത്. വിവിധ വസ്തുക്കൾ നിർമ്മിക്കുന്നതിനും, നിറങ്ങളുടെ ലോകത്തുകൂടി സഞ്ചരിച്ച് ചിത്രങ്ങളിലേക്കെത്താനും, പാചകകലകൾക്കുമെല്ലാം ഇവിടെ വേദി ഒരുക്കിയിട്ടുണ്ട്.
ചട്ടക്കൂടുകളിൽ ഒതുങ്ങാതെ അഭിരുചികൾക്ക് അനുസരിച്ച് ഏത് വിനോദ പരിപാടിയിലും ഇവിടെ പങ്കെടുക്കാം. കുരുന്നുകൾക്ക് ആവേശമായി കൈനിറയെ സമ്മാനങ്ങളും ഇവിടെ നിന്ന് നൽകും.
പഞ്ഞികൾ നിറച്ച് വിവിധ വസ്തുക്കൾ ഉണ്ടാക്കുവാനും, കലാസൃഷ്ടികളായി വിവിധ രൂപങ്ങൾ നിർമ്മിക്കാനുമെല്ലാം ഇവിടെ തിരക്കാണ്. കുട്ടികൾക്ക് ക്ഷമയോടെ ഇവ നിർമ്മിക്കുന്നതിന് സഹായിക്കാനായി ഇവിടെ പരിശീലകരും ഉണ്ട്.
മത്സര വീര്യത്തോടെ റോബോട്ടുമായി ക്യാരംസിൽ ഒരു കൈ നോക്കാനും കുട്ടികൾ വരിവരിയായി നിൽക്കുന്നതും കൗതുകമാണ്.
‘നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക’ എന്ന പ്രമേയത്തിലൂടെ നടക്കുന്ന വായനോത്സവത്തിൽ ഇന്ത്യയുൾപ്പടെ 66 രാജ്യങ്ങളിൽ നിന്നുള്ള 512 അതിഥികൾ പങ്കെടുക്കുന്നുണ്ട്. ഈ മാസം 14 വരെ നീണ്ടു നിൽക്കുന്ന വായനോത്സവത്തിൽ സംഗീത പരിപാടികൾ, ശിൽപശാലകൾ, വിവിധ സെഷനുകൾ, പാനൽ ചർച്ചകൾ എന്നിവയെല്ലാമുൾപ്പെടുത്തിയിട്ടുണ്ട്.