ഇന്ത്യൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിത പറഞ്ഞ ചിത്രമായ ‘എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി’ വീണ്ടും പ്രദർശനത്തിന് എത്തുന്നു. മെയ് 12 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. 2016 സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം 7 വർഷത്തിന് ശേഷമാണ് വീണ്ടും റി- റിലീസ് ചെയ്യുന്നത്. സ്റ്റാർ സ്റ്റുഡിയോസാണ് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആരാധകരുടെ പ്രിയങ്കരനായ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് ‘എം. എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി’. ആരാധകരുടെ മനസിൽ ഇടം നേടിയ ചിത്രം വൻ വിജയമായി മാറിയിരുന്നു. അന്തരിച്ച ബോളിവുഡ് താരം സുഷാന്ത് സിങ് രജ്പുത്തായിരുന്നു ചിത്രത്തിലെ നായകൻ. നീരജ് പാണ്ഡെയാണ് എം. എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി സംവിധാനം ചെയ്തത്. അരുണ്‍ പാണ്ഡെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനുപം ഖേർ, ഭൂമിക ചൗള, കിയാര അദ്വാനി, ദിഷ പഠാണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
സുശാന്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ചിത്രം. 2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ തേഞ്ഞുമാഞ്ഞു പോവുന്ന അവസ്ഥയിലാണ്. ഏറെ കഴിവുള്ള ബഹുമുഖ പ്രതിഭകൂടിയായിരുന്നു സുശാന്ത് സിംഗ് രജ്‍പുത്. ബോളിവുഡ് സിനിമ മേഖലയിൽ നിന്ന് ഒഴിവാക്കാൻ ചിലർ ശ്രമിച്ചതായും അവസരങ്ങൾ നിഷേധിച്ചതായും പരാതികൾ ഉയർന്നിരുന്നു.