ന്യൂഡൽഹി: രാജ്യത്തിന് റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. വികസന പാതയിലാണ് രാജ്യമെന്നും ഇതുവരെ കൈവരിച്ച നേട്ടങ്ങൾ രാജ്യം ഒന്നിച്ച് ആഘോഷിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ വഴികാട്ടി ആയത് ഭരണഘടനയാണെന്നും അതുകൊണ്ട് ഭരണഘടനയെ അംഗീകരിച്ചു മുന്നോട്ടു പോകേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.
നമ്മുടെ രാജ്യത്തിന് ഇന്ന് അഭിമാനാർഹമായ പല നേട്ടങ്ങളും കൈവരിക്കാൻ സാധിച്ചത് സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകൾ കൊണ്ടാണെന്ന് അവർ വ്യക്തമാക്കി. ജി 20യെക്കുറിച്ചും ജി 20 ൽ പ്രാധാന്യം കൽപ്പിക്കേണ്ടത് എന്തിനൊക്കെ എന്നുമുള്ള കാര്യങ്ങൾ രാഷ്ട്രപതി ഓർമിപ്പിച്ചു. ജി 20 യിലൂടെ മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുള്ള അവസരമാണ് വന്നു ചേർന്നിരിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു