പ്രവാസി ഭാരതീയർ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്നും അവരുടെ പങ്ക് വളെര വ്യത്യസ്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ ത്രിദിന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അടുത്ത 25 വർഷത്തെ അമൃത ദിവസങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചു, ഈ യാത്രയിൽ നമ്മുടെ പ്രവാസി ഭാരതീയർക്ക് ഒരു സുപ്രധാന സ്ഥാനമുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്നലെയാണ് മൂന്ന് ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്തത്. കണ്‍വെന്‍ഷന്‍ നാളെ അവസാനിക്കും
ഇപ്പോഴത്തെ ഇന്ത്യയെ ലോകം പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് നോക്കുന്നത്. ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദം മുഴങ്ങുന്നു. ഇന്ത്യക്ക് ഒരു വിജ്ഞാന കേന്ദ്രമാകാനുള്ള കഴിവ് മാത്രമല്ല, നൈപുണ്യമുള്ള ഇടം കൂടിയായ ഇവിടെ യുവാക്കൾക്ക് കഴിവുകളുണ്ട്, മൂല്യങ്ങളും സത്യസന്ധതയും ജോലിയോടുള്ള നിശ്ചയദാർഢ്യവുമുണ്ട്. നമ്മുടെ രാജ്യത്തിന്റെ നൈപുണ്യത്തിന് ലോകത്തിന്റെ തന്നെ വളർച്ചാസൂചികയാവാൻ കഴിയും. ഈ വർഷത്തെ ജി20 ഉച്ചകോടിയുടെ ആതിഥേയരും ഇന്ത്യയാണ്. ഇത് ഒരു നയതന്ത്ര പരിപാടി മാത്രമാക്കാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് ജനങ്ങളുടെ പങ്കാളിത്തത്തിന്റെ ഒരു പരിപാടിയാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രില്യന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രവാസി ഭാരതീയ ദിന കണ്‍വന്‍ഷന്‍ നടക്കുന്നത്.
പ്രവാസി ഭാരതീയ ദിന തീം സോങ്ങോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അതിഥികളെ സ്വാഗതം ചെയ്തു. നാളെ രാഷ്ട്രപതി ദ്രൗപദി മുർമു പരിപാടിയിൽ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ പ്രവാസികളെ രാഷ്ട്രപതി ആദരിക്കും. കൊവിഡ് -19 കാരണം മുടങ്ങിയ പരിപാടി ഏകദേശം നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ നടത്തുന്നത്. 70 രാജ്യങ്ങളിൽ നിന്നുള്ള 3500 പ്രവാസികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് വർഷത്തിലൊരിക്കൽ ജനുവരി 9 നാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.