ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ 4000 ത്തോളം വരുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമം. ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപം ബാൻഭൂൽപുര പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ഹൈക്കോടതി വിധിയെ തുടർന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. ഇവർ താമസിക്കുന്ന ഭൂമി റെയിൽവേയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി. കോടതി വിധിയിൽ പ്രതിഷേധിച്ച് ആയിരത്തോളം പേർ മെഴുകുതിരി കത്തിച്ച് തെരുവിൽ പ്രതിഷേധം നടത്തിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഹൽദ്വാനിയിലെ കോൺഗ്രസ് എംഎൽഎ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ജനുവരി അഞ്ചിന് സുപ്രീം കോടതി ഹർജി പരിഗണിക്കും.
പത്ത് വർഷം നീണ്ട കേസിലാണ് റെയിൽവേയ്ക്ക് അനുകൂലമായി ഡിസംബർ 20ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശവാസികൾക്ക് ഒരാഴ്ച സമയം നൽകിയതിനുശേഷം വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ആണ് കോടതി റെയിൽവേയ്ക്കും ഉദ്യോഗസ്ഥർക്കും നൽകിയിരിക്കുന്ന നിർദ്ദേശം. ഒരാഴ്ചയ്ക്കുള്ളിൽ പ്രദേശവാസികൾ ഒഴിഞ്ഞു പോയില്ലെങ്കിൽ പോലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും ഉപയോഗിച്ച് നിർബന്ധിതമായി ഒഴിപ്പിക്കാമെന്നും കോടതിവിധിയിൽ പറയുന്നുണ്ട്. കോടതിവിധി നടപ്പിലാക്കിയാൽ തങ്ങൾ തെരുവിൽ ആകുമെന്നും കുട്ടികളുടെ ഭാവി ഇരുട്ടിലാകുമെന്നും പ്രദേശ വാസികൾ പറയുന്നു.
അതേസമയം റെയിൽവേ ഭൂമിയുടെ 2.2 കിലോമീറ്റർ ചുറ്റളവിൽ നിർമ്മിച്ച വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നത് നടപടികൾ ആരംഭിച്ചു എന്ന് അധികൃതർ അറിയിച്ചു. റെയിൽവേയുടെ ഭൂമിയിൽ അവകാശം ഉന്നയിക്കാൻ കുടിയേറ്റക്കാരുടെ പക്കൽ നിയമപരമായ രേഖകൾ ഒന്നും തന്നെ ഇല്ല എന്ന റെയിൽവേയുടെ വാദവും, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെ സംബന്ധിച്ച് അഭിപ്രായം ഒന്നും പറയാനില്ല എന്ന സംസ്ഥാന സർക്കാറിന്റ നിലപാടുമാണ് കോടതിയിൽ പ്രദേശവാസികൾക്ക് തിരിച്ചടിയായത്. കോടതി ഉത്തരവിന് പിന്നാലെ റെയിൽവേ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച സ്ഥലത്തെത്തി ഡ്രോൺ സർവ്വേ നടത്തിയതായും റിപ്പോർട്ട് ഉണ്ട്.