മെക്സിക്കോയിലെ സ്യുഡാസ് വാറസ് ജയിലിൽ ഉണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. തോക്ക് ധാരികളായ ഒരു സംഘം ജയിലിനുള്ളിൽ കടന്നുകയറി വെടിയുതിർക്കുകയായിരന്നു . വെടിവെപ്പിൽ 10 സുരക്ഷാജീവനക്കാരും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. ഇതിനിടെ 24 തടവുകാർ ജയിലിൽ നിന്നും ചാടി രക്ഷപ്പെടുകയുണ്ടായി. ഞായറാഴ്ച രാവിലെ 7 മണിയോടുകൂടിയാണ് സംഭവം എന്നാണ് ലഭിക്കുന്ന വിവരം.
പെനിറ്റൻഷ്യറി സെന്ററിൽ വാഹനങ്ങളിൽ എത്തിയ തോക്കുധാരികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടി വെക്കുകയായിരുന്നു. തടവുകാരെ കാണാൻ പുറത്തുനിന്ന് എത്തിയവരുടെ കൂട്ടത്തിൽ നുഴഞ്ഞുകയറിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് അനുമാനം. സുരക്ഷിത കവചമുള്ള വാഹനങ്ങളിലാണ് ആയുധധാരികളായ അക്രമികൾ എത്തിയത്. അക്രമികൾ ജയിലിൽ എത്തുന്നതിനു മുൻപ് ബൊളിവാർഡിന് സമീപം മുൻസിപ്പൽ പോലീസിന് നേരെയും വെടിവെയ്പ്പ് നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പോലീസ് ഇവരെ പിന്തുടർന്ന് നാല് പേരെ കസ്റ്റഡിയിൽ എടുക്കുകയും ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.