വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇന്ന് മോക് ഡ്രിൽ നടത്തും. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിനെ നേരിടാൻ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യകേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം.
സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെ കേന്ദ്രആരോഗ്യമന്ത്രാലയമാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ ആയിരിക്കും മോക് ഡ്രിൽ നടത്തുക. ഇതിനായി കേന്ദ്രആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യസെക്രട്ടറിമാർക്ക് വിശദമായ നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന മോക് ഡ്രിൽ കൂടുതലായും ശ്രദ്ധചെലുത്തുന്നത് ആരോഗ്യകേന്ദ്രങ്ങളിൽ കിടക്കകളുടെ ലഭ്യത, മെഡിക്കൽ ഓക്സിജൻവിതരണ സംവിധാനം, മനുഷ്യവിഭവ ശേഷി, ആവശ്യമായ ആരോഗ്യപ്രവർത്തകർ, കോവിഡ് പരിശോധനാകേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്ക്, പി. പി. ഇ കിറ്റ്, ടെലിമെഡിസിൻ സർവീസിന്റെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ ഉറപ്പുവരുത്താനാണ്. മോക്ഡ്രില്ലിന് ശേഷം എല്ലാ സംസ്ഥാനങ്ങളും ഇന്ന് തന്നെ ഫലം അപ്‌ലോഡ് ചെയ്യണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്. ഇതിന് ആവശ്യമായ ഫോം http://covid19.nhp.gov.in/ എന്ന പോർട്ടലിൽ ലഭ്യമാണ്.