ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ദില്ലിയിൽ തുടങ്ങും. ഇ പി ജയരാജനെതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം സംസ്ഥാനത്ത് നടത്താമെന്ന് കേന്ദ്രനേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ത്രിപുരയിലെ തിരഞ്ഞെടുപ്പുമായിബന്ധപെട്ടുള്ള കാര്യങ്ങളുടെ ആലോചനയാണ് പി. ബി യിലെ മുഖ്യ അജണ്ട. പി. ബി യോഗത്തിലെ അജണ്ടകൾ നേരത്തെ തീരുമാനിച്ചിരിക്കുന്നതിനാൽ ഇ പി വിഷയം ഒരു ചർച്ചയാകില്ല എന്നാണ് കരുതുന്നത്.
കേരളത്തിൽ ഇ പി ജയരാജൻ വിഷയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യത്തിൽ വളരെയേറെ ഗൗരവമർഹിക്കുന്നതാണ്. ആരോപണം ഉയർന്നിരിക്കുന്നത് സിപിഎമ്മിൽ തന്നെയാണ് എന്നുള്ളത് കേരളത്തിൽ ഈ വിഷയം വൻതോതിൽ ചർച്ചയാകാനിടയാക്കും. ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെയും തീരുമാനമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്വേഷണം വേണമോയെന്ന പിണറായിയുടെ നിലപാടാണ് നിർണ്ണായകമാകുക.